കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന രോഗിയെ കാണാതായി. ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷപ്രകാരം തിരൂർ മജിസ്ട്രേറ്റാണ് ഇവരെ കോടതി ഉത്തരവിലൂടെ ഇവിടെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 19 മുതൽ ഇവർ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു.
രോഗിയെ കാണാതായ വിവരം അധികൃതർ ഉടൻ തന്നെ മെഡിക്കൽ കോളജ് പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.